എറണാകുളത്തെ കളമശ്ശേരിയിലുള്ള കുസാറ്റ് ക്യാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലായിരുന്നു സംഭവ സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത്. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ ആശുപത്രികളിലായി പരിക്കേറ്റവർ ചികിത്സയിലാണ്. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിലുമാണുള്ളത്. ഇവരെ വിദഗ്ധ ചികിത്സക്കായി മാറ്റുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫെസ്റ്റിന്‍റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു ഗാനമേള സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ ഇവിടം വലിയ ജനനിബിഢമായി മാറിയിരുന്നു. ഇതിനിടെ മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിലേക്ക് ആളുകളെല്ലാം ഓടിക്കയറി. ഇതോടെയാണ് തിക്കും തിരക്കുമുണ്ടായത്. താഴേക്ക് പടിക്കെട്ടുകളുള്ള ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾ മേൽക്കുമേൽ വീഴുകയായിരുന്നു.
അതേസമയം ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകൾ സജ്ജമാക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.