പ്രവാസികളുടെ നാടാണ് കേരളം: പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളിയാണ് വിമാനക്കൂലി വർധനയെന്ന് മുഖ്യമന്ത്രി

Date:

Share post:

പ്രവാസികളുടെ നാടാണ് കേരളം. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിമാനക്കൂലി വർധിപ്പിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്ക് നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കുക പ്രധാനമാണ്. പ്രവാസി മലയാളികൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്ന് യാത്രയുടേതാണ്. അടിക്കടി വർദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വിവിധ തലങ്ങളിൽ നാം ചർച്ച ചെയ്യാറുണ്ട്. അങ്ങനെ ചർച്ചയിൽ വരുന്ന പ്രധാനപ്പെട്ട ഒരു വിഷയം കരിപ്പൂർ വിമാനത്താവളത്തിൻറെ വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറിനാദ്യമായി ചിറകുകൾ സമ്മാനിച്ച കരിപ്പൂർ വിമാനത്താവളത്തിൻറെ വികസനം മുരടിച്ചു നിൽക്കുകയാണ്. വിമാനത്താവള വികസനം സാധ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിലെ നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൻറെ റൺവേ എൻഡ് സേഫ്റ്റി ഏരിയ തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഇത്. ഭൂമി നഷ്ടപ്പെട്ട 64 കുടുംബങ്ങൾക്ക് വേണ്ടി 10 ലക്ഷം രൂപ വീതം ഉള്ള പുനരധിവാസ പാക്കേജ് നടപ്പാക്കി. ഏകദേശം 95 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്. നടപടികൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽത്തന്നെ ഭൂമി എയർപോർട്ട് അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. ടെണ്ടർ ദീർഘിപ്പിക്കുന്നതിലൂടെ കാലതാമസം വരികയാണിപ്പോൾ. എത്രയും പെട്ടെന്ന് ടെൻഡർനടപടികൾ പൂർത്തിയാക്കി റൺവേ വികസനം യാഥാർത്ഥ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി മാരുടെ യോഗത്തിലും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന അഭ്യർത്ഥനയും നടത്തിയിട്ടുണ്ട്.

ഈ വർഷം കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂരിൽ നിന്നാണ്. 4370 സ്ത്രീകൾ ഉൾപ്പെടെ 7045 പേരാണ് കരിപ്പൂരിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിനായി പോയത്. 2019 ൽ കരിപ്പൂരിൽ വനിതാ തീർത്ഥാടകർക്കായി നിർമ്മാണം ആരംഭിച്ച ബ്ലോക്ക് ഈ വർഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂർണ്ണസജ്ജമാക്കിയിട്ടുമുണ്ട്.

ഇതോടൊപ്പം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഭിമാനകരമായ രീതിയിൽ നിർർമ്മണം പൂർത്തീകരിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ ആവശ്യമായ പോയിൻറ് ഓഫ് കോൾچ അനുവദിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിൻറെ ക്യാച്മെൻറ് ഏരിയയിൽ പെടുന്ന വിദേശ ഇന്ത്യക്കാർക്ക് പൂർണ്ണമായ പ്രയോജനം ഉണ്ടാകണമെങ്കിൽ വിദേശ വിമാന കമ്പനികളുടെ അന്താരാഷ്ട്ര സർവ്വീസുകൾ അത്യന്താപേക്ഷിതമാണ്.

ഇപ്പോൾ കണ്ണൂർ എയർപോർട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയർ ഇൻഡ്യ എക്സ് പ്രസ്, ഇൻഡിഗോ എന്നിവയാണവ. എയർ ഇൻഡ്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾ സർവ്വീസ് നിർത്തി. ഇതു കാരണം കണ്ണൂർ എയർപോർട്ടിൽ ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. പാർലമെൻററി കമ്മിറ്റി എയർപോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ പരിശോധിച്ച് പോയിൻറ് ഓഫ് കോൾ പദവി നൽകേണ്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിൽ നിന്നുള്ള എം.പിമാരോടഭ്യർത്ഥിച്ചിട്ടുണ്ട്.

2018 ഡിസംബർ 9നു പ്രവർത്തനം ആരംഭിച്ചതാണ് കണ്ണൂർ വിമാനത്താവളം. ഇത്ര കാലമായിട്ടും വിദേശവിമാന സർവീസ് അനുവദിക്കാതെ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സ്വകാര്യ കുത്തകകളെ ഏൽപിക്കുന്ന തിരക്കിലാണ്. ദേശീയ തലത്തിൽ എയർപോർട്ടുകൾ ലേലത്തിൽ വച്ചപ്പോൾ തിരുവനന്തപുരം എയർ പോർട്ടിന്റെ കാര്യത്തിൽ ലേലത്തിൽ ക്വാട്ട് ചെയ്ത ഉയർന്ന തുക സംസ്ഥാന സർക്കാർ നൽകാമെന്ന് അറിയിച്ചു. എന്നാൽ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നൽകാനാണ് കേന്ദ്ര സർക്കാർ തയ്യാറായത്. അതാണ് നല്ലതെന്നു കരുതുന്നവർ കോവിഡാനന്തര കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളം സംസ്ഥാന സർക്കാരിനു ഉടമസ്ഥാവകാശമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണെന്നോർക്കണം.

സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ അമേരിക്കൻ ഐക്യനാടുകളിൽ വളരെ ചുരുക്കം വിമാനത്താവളങ്ങൾ ഒഴികെയെല്ലാം പൊതുഉടമസ്ഥതയിലാണെന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും ഇവിടെ വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏൽപ്പിക്കാനും അവർക്ക് ഇഷ്ടമുള്ള പോലെ നിരക്കുകൾ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ഈ നയത്തിൻറെ ഭാഗമായാണ് കണ്ണൂർ വിമാനത്താവളത്തിൻറെ വികസനത്തിന് തടയിടുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ അവയുടെ പൂർണ്ണ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകത്തക്ക നിലയിൽ വികസിപ്പിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....