പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് 61.5 കോടി രൂപ മുടക്കി പോഷകബാല്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അംഗനവാടി പ്രീ സ്കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നതാണ് ഈ പദ്ധതി.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അംഗനവാടികളിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ എന്ന കണക്കിൽ ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും ലഭിക്കും.
അംഗൻവാടികളിലെ മൂന്ന് വയസ് മുതൽ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീസ്കൂൾ കുട്ടികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. കുഞ്ഞുങ്ങളുടെ ബൗദ്ധിക വൈകാരിക സാമൂഹിക വികാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ആറ് സേവനങ്ങളാണ് അംഗൻവാടികൾ വഴി നൽകുന്നതെന്ന് വീണ ജോർജ് പറഞ്ഞു. ഇതിൽ ഒരു പ്രധാന പദ്ധതിയാണ് അനുപൂരക പോഷകാഹാര പദ്ധതി. ഇത് പ്രകാരം ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അംഗൻവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകുന്നുണ്ട്.
ഇത് കൂടാതെയാണ് അംഗൻവാടി മെനുവിൽ പാലും മുട്ടയും കൂടി ഉൾപ്പെടുത്തിയത്.