ദേശാഭിമാനി പത്രത്തിനെതിരെ മാനനഷ്‌ടക്കേസ് നൽകി മറിയക്കുട്ടി. ദേശാഭിമാനി പത്രാധിപർ ഉൾപ്പെടെ പത്ത് പേരാണ് കേസിലെ പ്രതികൾ. മറിയക്കുട്ടിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത ദേശാഭിമാനി പത്രത്തിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നൽകി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
അടിമാലി മുൻസിഫ് കോടതിയിലാണ് മറിയക്കുട്ടി പരാതി നൽകിയിരിക്കുന്നത്. ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും, അന്ന ഔസേപ്പും അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതിൽ ഒന്ന് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നുംകാട്ടി പാർട്ടി മുഖപത്രത്തിൽ വാർത്ത വന്നത്. കൂടാതെ പെൺമക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിയുന്നവരാണെന്നും ഒരാൾ വിദേശത്താണെന്നും പ്രചാരണമുണ്ടായിരുന്നു. കൂടാതെ സിപിഎം അനുകൂലികളുടെ സൈബർ ആക്രമണം അവർക്ക് അനുഭവിക്കേണ്ടിവന്നു.
ഇതോടെ തന്റെ പേരിൽ ഭൂമിയുണ്ടെങ്കിൽ അതിന്റെ രേഖ നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തിയതോടെ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ഈ സർട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതോടെ വിഷയത്തിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കിയത്.