കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭക നിയമത്തിൽ ഭേദഗതി വരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി റെസ്റ്റോറന്റ്, ഡെലിവറി മേഖലകളിലെ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികളാണ് വരുത്തിയത്. പുതിയ തീരുമാനങ്ങൾ ചെറുകിട ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
റസ്റ്റോറന്റ് മേഖലയിൽ തൊഴിലാളികളുടെ എണ്ണം പത്തിൽ നിന്നും 15 ആയി ഉയർത്തി. ഇതോടൊപ്പം ഡെലിവറി കമ്പനികളിൽ ഉപയോഗിക്കുന്ന കാറുകളുടെ പരമാവധി പഴക്കം അഞ്ച് വർഷത്തിൽ നിന്ന് ഏഴ് വർഷമായും ഡെലിവറി ബൈക്കുകളുടെ പരമാവധി കാലപ്പഴക്കം മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമായും വർധിപ്പിച്ചു. കൂടാതെ ബൈക്കുകൾ രജിസ്‌റ്റർ ചെയ്യുന്നതിനായി മുമ്പ് ഗ്യാരണ്ടിയായി നിശ്ചയിച്ചിരുന്ന 500 ദിനാറും അധികൃതർ റദ്ദാക്കി.
ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ രഹിതരായ സ്വദേശികളെ തൊഴിലുടമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഭേദഗതി വരുത്തിയത്. ഇതിനാൽ കൂടുതൽ യുവാക്കൾ ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.