ഒരാഴ്ചയ്ക്കിടെ 1600 പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ബിന്നിൽ നിക്ഷേപിച്ച പ്രവാസിയായ സെക്യൂരിറ്റി ഗാർഡിന് സമ്മാനമായി ലഭിച്ചത് ഐഫോൺ 15. യുഎഇയിൽ ജോലിചെയ്യുന്ന നേപ്പാളി സ്വദേശി ദീപേഷ് ചമ്ലഗെയ്നാണ് കുപ്പികൾ സ്വരുക്കൂട്ടി ഐഫോൺ 15 നേടിയത്. യുഎഇയിലെ ടെക്നോളജി കമ്പനിയായ റെനി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ബിൻ പദ്ധതിയുടെ ഭാഗമായാണ് സമ്മാനം.
പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമ്മാർജ്ജനം , പ്ലാസ്റ്റിക് പുനരുപയോഗം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് കമ്പനി സ്മാർട്ട് ബിൻ പദ്ധതി ആരംഭിച്ചത്. ബുർജ് ഖലീഫ, വാഫി മാൾ, അജ്മാനിലെ ഡിജിറ്റൽ ഗവൺമെൻ്റ് ഓഫീസ് തുടങ്ങി വിവിധ റെസിഡൻഷ്യൽ ടവറുകളിലും ഓഫീസുകളിലും മാളുകളിലും സ്മാർട്ട് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
ഒരു കുപ്പി റീസൈക്കിൾ ചെയ്തുമ്പോൾ ഉപയോക്താവിൻ്റെ അക്കൌണ്ടിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ഓരോ തവണും റീസൈക്കിൾ ചെയ്യുമ്പോൾ റെനി ആപ്പ് വഴി ഒരു റാഫിൾ ടിക്കറ്റ് ലഭിക്കും. ഒരു കുപ്പി ഒരു ടിക്കറ്റിന് തുല്യമാണെന്നും കമ്പനി പറയുന്നു. ഈ ടിക്കറ്റുകൾ വഴിയാണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നത്. ഫോണിന് പുറമെ പ്ലേസ്റ്റേഷൻ 5, വയർലെസ് ഇയർബഡുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ബിന്നുകൾ നിറയുമ്പോൾ കമ്പനിക്ക് സിഗ്നൽ ലഭിക്കുകയും പ്രദേശത്തെ മാലിന്യ സംസ്കരണ കമ്പനി ഇത് ശേഖരിക്കുകയും ചെയ്യും. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലർമാർക്ക് വിൽക്കുകയും അസംസ്കൃത വസ്തുക്കളാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഏകദേശം ആറുമാസമായി ബിന്നുകൾ നിലവിലുണ്ടെങ്കിലും റാഫിളുകൾ പ്രഖ്യാപിച്ചപ്പോഴാണ് പൊതുജന പങ്കാളിത്തം കൂടിയതെന്നും കമ്പനി പറയുന്നു.
അതേസമയം കുപ്പികൾ സ്മാർട്ട് ബിന്നിൽ നിക്ഷേപിക്കുന്ന പ്രവർത്തി തുടരുമെന്നും മറ്റുളളവർക്കും സമ്മാനം നേടാൻ അവസരമുണ്ടെന്നും ഐഫോൺ നേടിയ ദീപേഷ് ചമ്ലഗെയ്നും വ്യക്തമാക്കി.