ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. കെ.എൽ.എഫിന്റെ ഏഴാം പതിപ്പ് 2023 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കും. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
അതേസമയം മുൻ പതിപ്പുകളിൽ നിന്ന് തികച്ചും പുതുമയുള്ളതും വ്യത്യസ്തവുമായ ഒരുക്കങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്. ഓർഹൻ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുർക്കിയാണ് ഇത്തവണ കെ.എൽ.എഫിലെ അതിഥി രാജ്യം. കൂടാതെ പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാരും സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
അന്താരാഷ്ട്ര തലത്തില്‍ സാംസ്കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേതൊരു സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്നതാണ്. പൂർണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സാഹിത്യോത്സവമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.keralaliteraturefestival.com/registration_all.aspx സന്ദര്‍ശിക്കുക.