“മലരേ…. മൗനമാ…. മൗനമേ… വേദമാ….”
ഇത് ഒരു മ്യൂസികൽ ഷോയല്ല, കോഴിക്കോട് ഫറോക്ക് താലൂക്കാശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോക്ടർ മുഹമ്മദ് റയീസിന്റെ ഓപ്പറേഷൻ തിയേറ്റർ ആണ്. ഇവിടെ ഇങ്ങനെയാണ്. പാട്ടുപാടുന്ന രോഗിയും കൂടെപ്പാടുന്ന ഡോക്ടറും, വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഡോക്ടർ താരമായി മാറിയിരിക്കുകയാണ്.
പൊതുവേ ഓപ്പറേഷൻ തീയേറ്ററുകൾ എല്ലാ രോഗികൾക്കും പേടിയുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ്യ ചെയ്യുന്നതിന് മുൻപ് രോഗിയുടെ മനോനില ശാന്തമാക്കാനും ടെൻഷൻ ഒഴിവാക്കാനും വേണ്ടിയാണ് ഈ വ്യത്യസ്തമായ ഓപ്പറേഷൻ രീതി തുടർന്നുപോകുന്നതെന്ന് വൈറൽ ഡോക്ടർ ഡോ: മുഹമ്മദ് റയീസ് പാലക്കൽ പറയുന്നു. ശാസ്ത്രക്രിയ ചെയ്യാൻ രോഗിയുടെ കൂടി പൂർണ്ണ പങ്കാളിത്തം വേണം. അടുത്ത് നിൽക്കുന്നത് ഡോക്ടർ ആണ് എന്നതിലുപരി സുഹൃത്തായോ സഹോദരനായോ കൂടി കാണണം. അതിന് വേണ്ടി കൂടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്തു.
നാല് വർഷം മുൻപ് സേവനമനുഷ്ഠിച്ചിരുന്ന കൊയിലാണ്ടിയിലെ ആശുപത്രിയിലും സമാനമായ രീതിയിൽ തന്നെയാണ് ശാസ്ത്രക്രിയകൾ ചെയ്തിരുന്നത്. കുറച്ചു ദിവസം മുൻപ് ഫറോക്കിലെ താലൂക്കാശുപത്രിയിൽ മുട്ടിനു താഴെയുള്ള മുഴ നീക്കം ചെയ്യാൻ എത്തിയ യുവതിയുമായി പാട്ടു പാടുന്ന ഡോക്ടറിന്റെ വിഡിയോ ആരോ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഡോക്ടറും രോഗിയും സംഗീത സാന്ദ്രമാക്കിയ ഓപ്പറേഷൻ തിയേറ്റർ കാഴ്ച്ച വൈറൽ ആയത്. ഡോ : മുബീനയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഡോ: റയീസിന്റെ കുടുംബം. ഫാറൂക്ക് താലൂക്കാശുപത്രിയിലെ സുപ്രണ്ട് ഡോ :ലാലു നൽകുന്ന സപ്പോർട്ടിനെപ്പറ്റിയും ഡോ: റയീസ് പറയാൻ മറന്നില്ല.