ഇനി ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടൻ മന്‍സൂര്‍ അലി ഖാന്. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂ എന്നും മന്‍സൂര്‍ അലി ഖാന് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞു.
ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂർ അലി ഖാൻ ഇക്കാര്യം അറിയിച്ചത്. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നപടി സ്വീകരിക്കുമെന്നാണ് നടന് പറഞ്ഞത്. തൃഷയ്ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസം നടന് മന്‍സൂര്‍ അലി ഖാന് വ്യക്തമാക്കിയിരുന്നു. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് എന്നും മന്‍സൂര്‍ ആരോപിച്ചു.
അതേ സമയം സ്ത്രീവിരുദ്ധ പരാമർശത്തില്‍ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.