കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡിനർഹമായ ‘എതിര്’ ന്റെ രചയിതാവ് ഡോ. എം. കുഞ്ഞാമൻ പുരസ്‍കാരം നിരസിച്ചതിന് പിന്നാലെ വിശദീകരണം നൽകി രംഗത്ത്. അവാർഡിന് വേണ്ടിയോ അംഗീകാരം കിട്ടുന്നതിന് വേണ്ടിയോ എഴുതിയ പുസ്തകമല്ല ‘ എതിര് ‘ എന്ന് അദ്ദേഹം വ്യക്തമാക്കി.
” ‘എതിര് ‘ സാമൂഹിക- സാമ്പത്തിക – രാഷ്ട്രീയ പ്രശ്നങ്ങളെ നോക്കികാണുന്ന രീതിയിൽ രചിച്ച പുസ്തകമാണ്. എന്റെ വ്യക്തിജീവിതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും സമൂഹത്തിലെ മറ്റ് പ്രശ്നങ്ങൾക്ക് ഊന്നൽ നൽകികൊണ്ടും വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് ‘എതിര്’ രചിച്ചത്. വിവേചനത്തിനോടും അടിച്ചമർത്തലിനോടുമുള്ള പ്രധിഷേധ സൂചകമാണ് ഈ പുസ്തകം ” ഡോ. എം. കുഞ്ഞാമൻ പറഞ്ഞു. ഇത്തരം വ്യവസ്ഥിതികൾക്കെതിരെ വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ എവിടെയെങ്കിലും മാറ്റം കൊണ്ടുവരാൻ ‘എതിരിന് ‘ സാധിച്ചാൽ അതാണ് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ സമ്പദ് വിതരണവും ഉത്പാദന ബന്ധങ്ങളും ഇപ്പോഴും ചില പ്രത്യേക വിഭാഗങ്ങളിലാണുള്ളത്. അത് മാറുന്നില്ല എന്ന് മാത്രമല്ല ആ മാറ്റം വരാത്തതിൽ അദ്ദേഹത്തിന്റെ നിരാശയുമുണ്ട്. പുരസ്‌കാരം നിരസിച്ചതിൽ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയോട് പറഞ്ഞത്, തന്നെയും ‘എതിരിനെയും ‘ പരിഗണിച്ചതിൽ കൃതജ്ഞത ഉണ്ടെന്നും അതേ കൃതജ്ഞതയോടു കൂടി തന്നെ അവാർഡ് നിരസിക്കുകയുമാണ് എന്നാണെന്ന് ഡോ. എം കുഞ്ഞാമൻ അറിയിച്ചു.