സൗദിയിലെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ 22 വിമാനത്താവളങ്ങളിലാണ് ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ക്ലസ്റ്റർ കമ്പനിയും ഗ്രീൻ സൊല്യൂഷൻസ് കമ്പനിയും തമ്മിൽ ധാരണയിലെത്തി.
എയർപോർട്ട് ക്ലസ്റ്റർ കമ്പനി ഓപ്പറേഷൻ ജനറൽ മാനേജർ സാദ് അജ്ലാനും ഗ്രീൻ സൊല്യൂഷൻസ് കമ്പനി ജനറൽ മാനേജർ സാദ് അൽ സഹലിയുമാണ് കരാർ കൈമാറിയത്. കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ചാർജിങ്ങിനായി കൂടുതൽ സൗകര്യമൊരുക്കുകയാണ് അധികൃതർ. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.