സിനിമാ നിരൂപണങ്ങളെ പിന്തുണച്ച് നടൻ അജു വർഗീസ് രംഗത്ത്. 150 രൂപ മുടക്കി സിനിമ കാണുന്നവർക്ക് സിനിമ നിരുപണം ചെയ്യാനുളള അധികാരമുണ്ടെന്ന് അജു വർഗ്ഗീല് പറഞ്ഞു. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണെന്നും അജുവർഗ്ഗീസ് കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ഫീനിക്സിൻ്റെ പ്രചാരണരണാർത്ഥം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അജു വർഗ്ഗീസ് നിലപാട് വ്യക്തമാക്കിയത്.
സിനിമ റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അത് മാറത്തിടത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ല. നമ്മൾ വിപണിയിൽ നിന്ന് ഒരു ഉത്പന്നം വാങ്ങുന്നത് ISI മുദ്ര നോക്കിയിട്ടാണ്. ഹോട്ടലിലെ ഭക്ഷണം മോശമാണെങ്കിൽ പ്രതികരിക്കാറുണ്ട്. സിനിമയും സമാനമാണെന്ന അഭിപ്രായമാണ് അജു വർഗ്ഗീസ് പങ്കുവച്ചത്. സിനിമ നല്ലതാണെങ്കിൽ ആളുകൾ നല്ലത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നടനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ സിനിമ പ്രേക്ഷകനെ ചിലപ്പോൾ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അത്തരം ശക്തിയുണ്ടെന്നാണ് വിശ്വസം. നമുക്കിഷ്ടമുളളയാൾ സ്ക്രീനിൽ നിരാശപ്പെടുത്തിയാൽ പിണക്കം തോന്നും. എന്നാൽ അടുത്ത സിനിമ വരുമ്പോൾ അതുമാറും. ഇതെല്ലാം സൗന്ദര്യപ്പിണക്കം മാത്രമാണെന്നാണ് തോന്നിയിട്ടുള്ളതെന്നും അജു വർഗ്ഗീസ് പറഞ്ഞു.
എല്ലാം പെർഫെക്റ്റാവുന്നത് സിനിമയിൽ ബുദ്ധിമുട്ടാണ്. കല എന്നതിനപ്പുറം താൻ ഭാഗമാകുന്ന മലയാളസിനിമകൾ ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണെന്നും അജു അഭിപ്രായപ്പെട്ടു. മിഥുൻ മാനുവൽ തോമസിൻ്റ തിരക്കഥയിൽ വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫീനിക്സ്.