വീണ്ടും വിവാദത്തിലകപ്പെട്ട് ടെസ്ല കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക്. എക്സിൽ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് വ്യക്തമാക്കി മസ്ക് ട്വീറ്റ് പങ്കുവെച്ചതാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്. ഇതേ തുടർന്ന് ട്വിറ്ററിലെ പരസ്യദാതാക്കൾ മസ്കിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തുവരികയും ചിലർ പരസ്യം പിൻവലിക്കുകയുമായിരുന്നു.
ജൂതന്മാർ വെള്ളക്കാരോട് വൈരുദ്ധ്യാത്മക വിദ്വേഷം പുലർത്തുന്നുവെന്ന് പറയുന്ന ഒരു പോസ്റ്റിന് നിങ്ങൾ പറഞ്ഞതാണ് യഥാർത്ഥ ശരി എന്നാണ് മസ്ക് കമന്റ് ചെയ്തത്. ഇത് ടെസ്ലയിലേയും ട്വിറ്ററിലേയും നിക്ഷേപകരിൽ വലിയ പ്രതിഷേധത്തിനിടയാക്കി. ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ ഇതേത്തുടർന്ന് പരസ്യം പിൻവലിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ രംഗത്തുവന്ന മസ്ക് കഴിഞ്ഞ ഒരാഴ്ചയായി താൻ ജൂതവിരുദ്ധനാണെന്നാരോപിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഒന്നും സത്യത്തിന് ഉപരിയാവില്ല എന്നും പ്രതികരിച്ചിരുന്നു.
അതേസമയം പരസ്യങ്ങൾക്കൊപ്പം ജൂത വിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവെച്ചുവെന്നാരോപിച്ച് മീഡിയാ മാറ്റേഴ്സ് ഫോർ അമേരിക്കയ്ക്കെതിരെ മസ്ക് പരാതി നൽകിയിരുന്നു. ഡാറ്റയിലും അൽഗൊരിതത്തിലും കൃത്രിമം കാണിച്ചുവെന്നും പരസ്യദാതാക്കളെ അകറ്റുന്നതിനും എക്സിനെ തകർക്കുന്നതിനുമായി കെട്ടിച്ചമച്ച പോസ്റ്റുകൾ പങ്കുവെച്ചുവെന്നുമാണ് മസ്ക് പരാതിയിൽ ആരോപിക്കുന്നത്.