സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തി. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ പര്യവേക്ഷണത്തിലാണ് പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയത്. ക്രൂഡ് ഓയിലിനൊപ്പം പ്രകൃതിവാതക ശേഖരവും അടങ്ങുന്നതാണ് പുതിയ പാടങ്ങൾ.
സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കൻ പ്രവിശ്യയിലാണ് പുതിയ പാടങ്ങൾ കണ്ടെത്തിയത്. റുബുഹുൽഖാലി മരുഭൂമിയിലും ദഹ്റാനിന്റെ വിവിധ മേഖലകളിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 30 ദശലക്ഷം ഘന അടി ബാരൽ ക്രൂഡ് ഓയിൽ ഖനനം നടത്താവുന്ന കിണറുകളാണിത്. കൂടാതെ 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതകശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഇതിനുപുറമെ അൽഹൈറാൻ, അൽമഹാക്കീക്ക്, അസ്രിക, ഷാദൂൻ, മസാലീഗ്, അൽവദീഹി ഭാഗങ്ങളിലും എണ്ണ പാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വലുപ്പം നിർണയിക്കുന്നതിനായി സൗദി അരാംകോ പര്യവേഷണം തുടരുകയാണെന്നും ഊർജമന്ത്രി വ്യക്തമാക്കി.