ദുബായിയുടെ സാംസ്കാരികോത്സവമായ ‘അൽ ഷിന്ദഗ ദിനങ്ങൾ’ എന്ന സംഗമം നവംബർ 24 മുതൽ ആരംഭിക്കും. ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അൽ ഷിന്ദഗ പരിസരത്ത് നടത്തപ്പെടുന്ന സംഗമം ഡിസംബർ 3-നാണ് സമാപിക്കുക.
‘സമുദ്രവുമായി ബന്ധപ്പെട്ട സംസ്കാരത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് സംഗമം ഒരുക്കുന്നത്. എമിറാത്തി നാവിക പൈതൃകം, എമിറാത്തി സംസ്കാരത്തിൽ സമുദ്രത്തിനുള്ള പങ്ക്, സമുദ്രവുമായി ബന്ധപ്പെട്ട പരമ്പരാഗത കൈത്തൊഴിലുകൾ, എമിറാത്തി ചരിത്രം എന്നിവ സന്ദർശകർക്ക് വ്യക്തമാക്കുന്നതാണ് ഈ സാംസ്കാരികോത്സവം. ഇവയ്ക്ക് പുറമെ വിവിധ പൈതൃക പരിപാടികളും ശില്പശാലകളും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടും.
അൽ ഷിന്ദഗ ദിനങ്ങളുടെ ഭാഗമാകാനെത്തുന്ന സന്ദർശകർക്ക് ചെറുനൗകകളുടെ നിർമ്മാണം മുതൽ മുത്ത്, പവിഴം എന്നിവ സമുദ്രത്തിൽ നിന്ന് ശേഖരിക്കുന്നത് സംബന്ധിച്ചുള്ള ശില്പശാലകളിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.