ഓസീസിന് ആറാം കിരീടം; തകർന്നടിഞ്ഞ് ഇന്ത്യൻ മോഹങ്ങൾ

Date:

Share post:

2023 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. 6 വിക്കറ്റിനാണ് ഓസീസ് ഇന്ത്യൻ പടയെ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇത് ആറാം തവണയാണ് ഓസ്ട്രേലിയ കിരീടം ചൂടുന്നത്. ലോകകപ്പിലെ ഒരു മാച്ചിലും തോൽക്കാതെ അപരാജിതരായി മുന്നേറിയ ഇന്ത്യയ്ക്ക് ഫൈനലിൽ കാലിടറുകയായിരുന്നു. എങ്കിലും ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ രോഹിത്തും സംഘവും തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. സെഞ്ച്വറി മികവിൽ ട്രാവിസ് ഹെഡ് മാൻ ഓഫ് ദി മാച്ച് ആയും വിരാട് കോലി മാൻ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ആദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്‌തത്‌. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ശക്തമായാണ് ബാറ്റുവീശിയത്. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി. ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ കോലി ബൗണ്ടറി കടത്തി. പിന്നാലെ ടീം സ്കോർ 50 കടക്കുകയും ചെയ്തു.

രോഹിത്തും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അർധസെഞ്ച്വറിയ്ക്കരികിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെൻ മാക്‌സ്‌വെല്ലിനെ തുടർച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്‌സിൻ്റെയും സഹായത്തോടെ 47 റൺസെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 76-ൽ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയിൽ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റൺറേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറിൽ ടീം സ്കോർ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകൾ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറിൽ 115 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറിൽ ഇന്ത്യ 80 റൺസെടുത്തപ്പോൾ അടുത്ത പത്തോവറിൽ വെറും 35 റൺസ് മാത്രമാണ് നേടിയത്. മത്സരം പാതിവഴി പിന്നിട്ടപ്പോൾ 25 ഓവറിൽ 131 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അർധസെഞ്ച്വറി നേടി. താരത്തിൻ്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ച്വറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തിൽ രാഹുൽ ഫോറടിച്ചു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അർധസെഞ്ച്വറി നേടിയ വിരാട് കോലിയെ കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യൻ ടീം പരുങ്ങലിലായി. 63 പന്തിൽ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റൺസാണ് കോലി എടുത്തത്. ഇതോടെ ഇന്ത്യ 148ന് നാല് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. ആറാമനായി സൂര്യകുമാർ യാദവിന് പകരം രവീന്ദ്ര ജഡേജയാണ് ഗ്രൗണ്ടിലെത്തിയത്. ജഡേജയെ സാക്ഷിയാക്കി രാഹുൽ അർധസെഞ്ച്വറി നേടി. 86 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിൻ്റെ രണ്ടാം അർധസെഞ്ച്വറി കൂടിയാണിത്. എന്നാൽ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സൽവുഡ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിൻ്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. 40 ഓവറിൽ ഇന്ത്യ 197 റൺസാണ് നേടിയത്. 40.5 ഓവറിൽ ടീം സ്കോർ 200-ൽ എത്തി. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റൺസെടുത്ത രാഹുലിനെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ഇംഗ്ലിസിൻരെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203ന് ആറുവിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്. എന്നാൽ വെറും ആറ് റൺസെടുത്ത ഷമിയെ സ്റ്റാർക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

48-ാം ഓവറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവും പുറത്തായി. ഹെയ്‌സൽവുഡിൻ്റെ ബൗൺസറിൽ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തിൽ 18 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. അവസാന വിക്കറ്റിൽ കുൽദീപും സിറാജും ചേർന്നാണ് ടീം സ്കോർ 240-ൽ എത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തിൽ കുൽദീപ് റൺ ഔട്ടായി. 10 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. സിറാജ് 9 റൺസ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്‌സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്‌ത ആദ്യ ഓവറിൽ തന്നെ 15 റൺസ് കിട്ടി. ഡേവിഡ് വാർണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പൺ ചെയ്‌തത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വാർണറെ ഷമി മടക്കി. ഏഴ് റൺസെടുത്ത വാർണർ സ്ലിപ്പിൽ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചൽ മാർഷ് ക്രീസിലെത്തി. ആദ്യ നാലോവറിൽ ഓസീസ് 41 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷിനെ ബുംറ മടക്കി. 15 പന്തിൽ 15 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ രാഹുലിൻ്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 41-ന് രണ്ട് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനെ വെറും നാല് റൺസ് മാത്രമെടുത്തപ്പോൾ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്കോർ 47 റൺസിലാണെത്തിയത്.

സ്മിത്തിന് പകരം വന്ന മാർനസ് ലബൂഷെയ്‌നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറിൽ ടീം സ്കോർ 50 കടന്നു. ആദ്യ പത്തോവറിൽ ടീം 60 റൺസാണ് നേടിയത്. ലബൂഷെയ്ൻ പ്രതിരോധിച്ചപ്പോൾ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 19.1 ഓവറിൽ ടീം സ്കോർ 100 കടന്നു. പിന്നാലെ ഹെഡ് അർധസെഞ്ച്വറി നേടി. 58 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടം കുറിച്ചത്. എന്നാൽ ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ സഖ്യത്തനി സാധിച്ചില്ല. പിന്നാലെ ലബൂഷെയ്നും ഹെഡ്ഡും സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. വെറും 95 പന്തുകളിൽ നിന്നാണ് ഹെഡ് സെഞ്ചുറി നേടിയത്.

36.3 ഓവറിൽ ഓസ്ട്രേലിയൻ സ്കോർ 200 കടന്നു. തകർപ്പൻ സിക്‌സിലൂടെ ഹെഡ് തന്നെയാണ് സ്കോർ 200 കടത്തിയത്. പിന്നാലെ ലബൂഷെയ്ൻ അർധസെഞ്ചുറി നേടി. 99 പന്തിൽ നിന്നാണ് താരം ഈ നേട്ടം കുറിച്ചത്. ജയിക്കാൻ വെറും രണ്ട് റൺസ് വേണ്ടിയിരുന്ന സമയത്താണ് ഹെഡ് പുറത്തായത്. താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 120 പന്തിൽ 15 ഫോറിന്റെയും നാല് സിക്‌സിൻ്റെയും അകമ്പടിയോടെ 137 റൺസെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. പിന്നാലെ വന്ന മാക്‌സ്‌വെൽ രണ്ട് റൺസ് നേടി ടീമിന് കിരീടം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...