നടി തൃഷയ്ക്കെതിരായി മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം വിവാദമാകുന്നതിനിടെ നടൻ ഹരിശ്രീ അശോകന്റെ വാക്കുകളും വൈറലാകുന്നു. മൻസൂർ അലിഖാനെതിരെ ഹരിശ്രീ അശോകൻ മുൻപ് നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
‘സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അതിനാൽ ഒന്നും കാണാൻ കഴിയില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഞങ്ങളെ ഇടിച്ചു. പിന്നെ നെഞ്ചിനിട്ട് ചവിട്ടുകയും ചെയ്തു. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി അത് മൈൻഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. അപ്പോൾ ഞാൻ നിർത്താൻ പറഞ്ഞു. നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. ഒരു ബോധമില്ലാത്ത നടനാണ്മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങൾ ഒരുപാട് സഹിച്ചു’ എന്നാണ് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നത്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്.
എന്നാൽ താരത്തിന്റെ വാക്കുകൾക്കെതിരെ രൂക്ഷവിമർശനവുമായി തൃഷ എത്തിയിരുന്നു. ഇനി മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നാണ് തൃഷ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ നടനെ വിമർശിച്ച് ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ അപകീർത്തി പരാമർശത്തെ ന്യായീകരിച്ച് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. തമാശരീതിയിലുള്ള പരാമർശമായിരുന്നു തൻ്റേതെന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് താരം പ്രതികരിച്ചത്.