സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ (47) മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാറിനു മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അവിവാഹിതനായ വിനോദ് ഒറ്റയ്ക്കായിരുന്നു താമസം. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും വിവരമുണ്ട്. അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച വിനോദ് പൊത്തൻപുറം ഉണക്കപ്ലാവ് സ്വദേശിയാണ്.