സര്‍ക്കാര്‍ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിര്‍ത്തലാക്കുന്നു. ഇത് സംബന്ധമായ തീരുമാനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആർട്ടിക്കിൾ 17 റസിഡൻസി പെർമിറ്റില്‍ നിന്നും ആർട്ടിക്കിൾ 18 ട്രാൻസ്ഫർ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഇതോടെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് കുവൈത്തിൽ മറ്റു തൊഴിൽ തിരഞ്ഞെടുക്കാനോ രാജ്യത്ത് തുടരാനോ കഴിയാതെ വരും.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരിമിച്ചവര്ക്കും രാജിവെച്ചവര്‍ക്കും പിരിച്ചുവിട്ടവര്ക്കുമാണ് ആദ്യഘട്ടത്തില്‍ തീരുമാനം ബാധകമാവുകയെന്നാണ് സൂചനകള്‍. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
നേരത്തെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നര ലക്ഷത്തോളം കുവൈത്തികളും ഒരു ലക്ഷത്തോളം പ്രവാസികളുമാണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്. അതിനിടെ ഈ വര്‍ഷം കുവൈത്തില്‍ നിന്നും 40,000 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ നിയമ ലംഘനങ്ങളിൽ പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയത്.