44-ാമത് ചെസ്സ് ഒളിംപ്യാഡിന് ചെന്നൈ മഹാബലിപുരത്ത് തിരിതെളിഞ്ഞു. 87 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 343 ടീമുകളാണ് മത്സരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലെ മോസ്കോയിൽ നിന്ന് മത്സരം മാറ്റുകയായിരുന്നു . 3 പതിറ്റാണ്ടിനിടെ ആദ്യമായാണ് ഏഷ്യയിലേക്ക് ചെസ്സ് ഒളിംപ്യാഡ് മത്സരം എത്തുന്നത്.
ചെന്നൈ ജാവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് അർക്കാഡി വ്ലാദിമിരോവിച്ച് ദ്യോക്കോവിച്ച്, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ, തമിഴ്നാട് ഗവർണർ ആർ.എൻ രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരിൽ 36 ശതമാനവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് ചെന്നൈയെ ഇന്ത്യയുടെ ചെസ്സ് തലസ്ഥാനം എന്ന് വിളിക്കുന്നത് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 10 നാണ് ചെസ്സ് ഒളിംപ്യാഡ് സമാപിക്കുക.