ഒക്ടോബർ ഒന്നിന് മുമ്പ് തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീമിൽ വരിക്കാരാകാത്ത യുഎഇ ജീവനക്കാർ 400 ദിർഹം പിഴ അടയ്ക്കേണ്ടി വരും. കൂടാതെ സ്കീമിൽ സബ്സ്ക്രൈബ് ചെയ്തതിന് ശേഷം മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 200 ദിർഹവും പിഴ ലഭിക്കും. പിഴ അടക്കാതെ തുടരുകയാണെങ്കിൽ ജീവനക്കാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. ഈടാക്കുന്ന പിഴകൾ അവരുടെ ശമ്പളത്തിൽ നിന്നോ സേവനത്തിന്റെ അവസാന ഗ്രാറ്റുവിറ്റിയിൽ നിന്നോ കുറയ്ക്കും.
മൊഹ്രെ ആപ്പ്, വെബ്സൈറ്റ് അല്ലെങ്കിൽ ബിസിനസ്സ് സേവന കേന്ദ്രങ്ങൾ വഴി ജീവനക്കാർക്ക് പിഴ ഈടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള അവസരമുണ്ട്. അവർക്ക് പിഴ അടയ്ക്കുന്നതിന് തവണകളായി തിരഞ്ഞെടുക്കാം. മാത്രമല്ല, പിഴ ഈടാക്കിയവർക്ക് പിഴയ്ക്കെതിരെ അപ്പീൽ നൽകാനുള്ള സംവിധാനവുമുണ്ട്. 15 പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനങ്ങൾ പുറപ്പെടുവിക്കും. നവംബർ 15 വരെ 6.6 ദശലക്ഷത്തിലധികം ആളുകൾ നിർബന്ധിത പദ്ധതിയിൽ വരിക്കാരായതായി മൊഹ്രെ പറഞ്ഞു.
ചെലവ് കുറഞ്ഞ തൊഴിൽ സുരക്ഷാ പദ്ധതി 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ നഷ്ടപരിഹാരം ലഭിക്കും. പുതിയ ജീവനക്കാർ ഒക്ടോബർ ഒന്നിന് ശേഷം വർക്ക് പെർമിറ്റ് ലഭിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാർ നാല് മാസത്തിനകം പദ്ധതിയിൽ ചെരേണ്ടത് നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ 400 ദിർഹം പിഴ ചുമത്തും.
അതേസമയം ചില ഗ്രൂപ്പുകളെ തൊഴിലില്ലായ്മ ഇൻഷുറൻസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപകർ (സ്വന്തമായി സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസ്സ് ഉടമകൾ), വീട്ടുജോലിക്കാർ, താത്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, വിരമിക്കലിന് അർഹരായ പൗരന്മാർ, പെൻഷൻ സ്വീകരിച്ച് വിരമിച്ചവർ പുതിയ തൊഴിലുടമ എന്നിവരെയാണ് ഇൻഷുറൻസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
സ്കീമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
ആദ്യത്തേത് 16,000 ദിർഹമോ അതിൽ താഴെയോ അടിസ്ഥാന ശമ്പളമുള്ളവരെ പരിരക്ഷിക്കുന്നതാണ്. ഇതിൽ ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 5 ദിർഹമായി സജ്ജീകരിച്ചിരിക്കുന്നു (പ്രതിവർഷം 60 ദിർഹം). പരമാവധി പ്രതിമാസ നഷ്ടപരിഹാരം 10,000 ദിർഹമായും സജ്ജീകരിച്ചിരിക്കുന്നു.
രണ്ടാമത്തേത് അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവർക്ക് പരിരക്ഷ നൽകുന്നതാണ്. ഇൻഷുറൻസ് പ്രീമിയം പ്രതിമാസം 10 ദിർഹം (വാർഷികം 120 ദിർഹം). ഈ വിഭാഗത്തിനുള്ള പ്രതിമാസ നഷ്ടപരിഹാരം 20,000 ദിർഹമാണ്. ജീവനക്കാരൻ തുടർച്ചയായി 12 മാസമെങ്കിലും വരിക്കാരായ് ഇരിക്കുന്നിടത്തോളം കാലം ഇൻഷുറൻസ് നഷ്ടപരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്. രാജ്യം വിടുകയോ പുതിയ ജോലി ലഭിക്കുകയോ ചെയ്താൽ അവർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ സാധിക്കില്ല.
അതേസമയം അച്ചടക്ക കാരണങ്ങളാൽ ജീവനക്കാരനെ പിരിച്ചുവിട്ടില്ലെങ്കിൽ തൊഴിലില്ലായ്മ തീയതി മുതൽ പരമാവധി മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരം നൽകും. തൊഴിലില്ലായ്മയ്ക്ക് മുമ്പുള്ള ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന നിരക്കിലാണ് നഷ്ടപരിഹാര തുക കണക്കാക്കുന്നത്.