സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും വെഡ്ഡിങ് കേന്ദ്രം. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഒരുങ്ങുന്നത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് ആവശ്യമായ താമസ സൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക മെനു എന്നിവയും ഇവിടെ ഉണ്ടാവും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
ഇതോടൊപ്പം ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്ലൈഫ് കേന്ദ്രവും ഒരുക്കും. നവംബറില്‍ നിര്‍മാണം ആരംഭിച്ച് അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമായി ഇനി ശംഖുമുഖവും മാറും.