മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി താരത്തെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി തനിക്ക് പിന്തുണയുമായെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു. സുരേഷ് ഗോപി എത്തുന്നതിന് മുന്നോടിയായി പോലീസ് കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്തു ഒരുക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് മുന്നിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയ ജനങ്ങളെയും ബി.ജെ.പി പ്രവർത്തകരെയും നിയന്ത്രിക്കാൻ പോലീസ് വളരെ ബുദ്ധിമുട്ടിയിരുന്നു.
അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഐപിസി 354 എയിലെ ഒന്ന് മുതൽ നാല് വരെ വകുപ്പുകൾ ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തത്.
കഴിഞ്ഞ ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെച്ചത്.