സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്ത് പര്യവേഷണം നടന്നതായി നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.
റിയാദിന്റെ ദക്ഷിണ പടിഞ്ഞാറന്‍ പ്രദേശമായ വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധിപ്പിക്കുന്ന പാതയിൽ 100 കിലോമീറ്റര്‍ അകലെയായി മരുഭൂമിക്ക് സമാനമായ അല്‍ ഫൗവി എന്ന പ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങളും ലിഖിതങ്ങളും കൂടി കണ്ടെത്തി.
അല്‍ ഫൗവി പുരാവസ്തു കേന്ദ്രത്തിന്റെ കിഴക്ക് തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവര്‍ക്ക് ഇവിടെ ആരാധന കര്‍മങ്ങള്‍ അനുഷ്ഠിക്കുവാനുള്ള സൗകര്യം ആയിരുന്നുവെന്ന് കരുതപ്പെടുന്നു. കല്ലുകളാൽ നിർമിതമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. തുവൈഖ് പര്‍വതനിരകളോട് ചേര്‍ന്ന് നാല് കൂറ്റന്‍ കെട്ടിടങ്ങൾക്ക് അടിത്തറ പാകിയതായും അതിന്റെ മൂലകളില്‍ ഗോപുരങ്ങള്‍ സ്ഥാപിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു.
മഴക്കാലത്ത് വെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച നിരവധി ഭൂഗര്‍ഭ ജല സംഭരണികൾ കൃഷി, ജലസേചനം എന്നിവ നടന്നിരുന്നു എന്നതിന്റെ സൂചനയാണ്. ജന ജീവിതം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന സൂചനകളും ലഭ്യമാണെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി വ്യക്തമാക്കി.