ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കീഴിലെ ഇ-സേവനങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി അധികൃതർ. സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വെബ്സൈറ്റിലെ നിർദേശങ്ങൾക്ക് അനുസൃതമായി റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം പുതുതായി കൂട്ടിച്ചേർക്കപ്പെട്ടവയിൽ പെടുന്നു.
ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരുമാസം മുൻപായി ഇ-സേവനം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം. റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന് ഇഐഡിയും സാധുവായ വാണിജ്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ പുതിയ ഉടമയ്ക്ക് നിരോധനങ്ങളോ വിലക്കുകളോ ഉണ്ടായിരിക്കാനും പാടില്ല.
സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങൾക്കും ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ 80 ഇലക്ട്രോണിക് സേവനങ്ങളാണ് നിലവിൽ നൽകിവരുന്നത്. നേരത്തെ പുതുക്കാൻ നൽകിയ അപേക്ഷകളോ ഓഫിസിനെതിരെ പരാതികളോ ഉണ്ടാവാൻ പാടില്ല. മാത്രമല്ല, ലേബർ റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് റദ്ദാക്കുന്നതിന് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിന് വിലക്കുകളോ നിലവിലെ ഉടമയ്ക്കെതിരെ വ്യക്തിപരമായ വിലക്കുകളോ ഓഫിസിനെതിരെ പരാതികളോ ഉണ്ടാവരുത്. കൂടാതെ ഓഫിസ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പത്രത്തിലൂടെ ഔദ്യോഗികമായി അറിയിച്ച് ഒമ്പത് മാസം പിന്നിട്ടാലും ഇ-സേവനത്തിലൂടെ ലൈസൻസ് റദ്ദാക്കാം.