2024 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ പറക്കും കാർ റേസിംഗ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. ഫ്ലൈയിംഗ് റേസിംഗ് കാർ ചാമ്പ്യൻഷിപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഫ്ലൈയിംഗ് കാർ റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച രാജ്യമാണ് യുഎഇയെന്നും ഹൈഡ്രജൻ പവർഡ് ഫ്ലൈയിംഗ് റേസിംഗ് കാർ നിർമ്മാതാക്കളായ മക്കാ ഫ്ലൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യൻ പിനോ പറഞ്ഞു.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനി, ഈ വർഷം ആദ്യം CES 2023-ൽ ഫ്ലൈയിംഗ് റേസിംഗ് കാർ അനാച്ഛാദനം ചെയ്തു. ഈ പറക്കും റേസിംഗ് കാറിന്റെ വില 2 മില്യൺ ഡോളറാണ് (7.34 ദശലക്ഷം ദിർഹം) , പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
റേസിംഗ് ചാമ്പ്യൻ സമയത്ത് സിംഗിൾ സീറ്റർ കാർ ഭൂനിരപ്പിൽ നിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കും. ആദ്യ മൽസരത്തിൽ, 8 മുതൽ 10 പേർ വരെ പങ്കെടുക്കുമെന്ന് പിനോ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ദുബായിൽ നടന്ന Gitex ടെക്നോളജി എക്സിബിഷനിൽ, 2024 ഏപ്രിൽ 28 ന് അബുദാബി ആദ്യമായി ഓട്ടോണമസ് വാഹനങ്ങളുടെ റേസിംഗ് നടത്തുമെന്ന് വെളിപ്പെടുത്തിയിരുന്നു.