അബുദാബിയിലെ ഡെൽമ മ്യൂസിയം പുനരുദ്ധാരണത്തിന് ശേഷം സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഈ കെട്ടിടം അബുദാബിയുടെ ആദ്യകാല തീരദേശ വാസ്തുവിദ്യയുടെ ചരിത്ര സ്മാരകമാണ്.
അബുദാബിയുടെ തീരത്ത് നിന്ന് 42 കിലോമീറ്റർ അകലെയുള്ള ഡെൽമ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഡെൽമ മ്യൂസിയം 25-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നിർമ്മിച്ചത്. പവിഴ വ്യാപാരിയായിരുന്ന മുഹമ്മദ് ബിൻ ജാസിം അൽ മുറൈഖിയുടെ വീടായിരുന്ന ഈ കെട്ടിടത്തിൽ വെച്ചായിരുന്നു അദ്ദേഹം തന്റെ വാണിജ്യപ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. മുൻകാലങ്ങളിലെ പവിഴവ്യാപാരവുമായി ബന്ധപ്പെട്ട അപൂർവ്വ വിവരങ്ങളും ഇവിടെയെത്തുന്നവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
അബുദാബിയുടെ തീരദേശ മേഖലയിൽ ഒരു നൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന കെട്ടിട നിർമ്മാണ രീതി വ്യക്തമാക്കുന്നതാണ് ഈ മ്യൂസിയം. പ്രത്യേക രീതിയിൽ നിർമ്മിച്ചിരിക്കുന്ന സ്വീകരണമുറി, സ്വീകരണമുറിയിലേയ്ക്ക് ശുദ്ധവായു കടക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതയാണ്. ഇതിന് പുറമെ പുരാതന കാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന ചില ഉപകരണങ്ങളും ഇവിടെയെത്തുന്ന സന്ദർശകരെ അത്ഭുതപ്പെടുത്തുന്നതാണ്.