അറിവിൻ്റേയും അക്ഷരങ്ങളുടേയും മേളയായി ലോകം ആഘോഷിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സന്ദർശകത്തിരക്കും പ്രസാധക ബാഹുല്യവും പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മറ്റുമായി 42ആമത് മേള ജനകീയമായാണ് പൂർത്തിയാക്കിയത്. ലോകമെങ്ങുമുളള പുസ്തക പ്രേമികളും എഴുത്തുകാരും സംഗമിക്കുന്ന സാംസ്കാരിക മേള മലയാളികളുടെ സ്വന്തം മേളക്ക് സമാനമായാണ് നടത്തപ്പെടുന്നത്. ഇക്കുറി പതിവിന് വിപരീതമായി പവലിയൻ ഏഴിൽ മലായാള പ്രസാധകരുടേയും എഴുത്തുകാരുടേയും സന്ദർശകരുടേയും വൻ പങ്കാളിത്തം അനുഭവപ്പെട്ടു.
അതേസമയം അന്താരാഷ്ട്ര മേളയ്ക്ക് ചുക്കാൻ പിടിക്കുന്ന മലയാളി എന്ന നിലയിൽ ശ്രദ്ധേയനാവുകയാണ് ഷാർജ സാംസ്‌കാരിക – വിവര വകുപ്പിന് കീഴിലുള്ള ഷാർജ ബുക്ക് അതോറിറ്റിയുടെ വിദേശകാര്യ എക്‌സിക്യൂട്ടീവ് അംഗമായ പി.വി.മോഹൻ കുമാർ. പയ്യന്നൂർ പെരിങ്ങോം സ്വദേശിയായ മോഹൻകുമാർ പുസ്തകോത്സവത്തിന് തുടക്കമിട്ട 1982ലാണ് ഷാർജയിലെത്തിയത്. ആ വർഷം തന്നെ ഷാർജ സാംസ്കാരിക-ടൂറിസം വകുപ്പിൽ ഉദ്യോഗസ്ഥനായത് ജീവിതത്തിലെ വഴിത്തിരിവായി.
ആദ്യ വർഷം മുതൽ പുസ്തകമേളയുടെ ഭാഗമാകാൻ കഴിഞ്ഞ അപൂർവ്വം ആളുകളിൽ ഒരാളാണ് പി.വി.മോഹൻ കുമാർ. മോഹൻ കുമാർ ജോലിയിൽ പ്രവേശിച്ച വർഷം തന്നെ ഷാർജ പുസ്തകോത്സവം സംഘടിപ്പിക്കാൻ വകുപ്പ് തീരുമാനിച്ചതും യാദ്യശ്ചികം. എങ്കിലും ആദ്യകാലങ്ങളിൽ ഇത് ഏറെക്കുറെ ഇസ്ലാമിക പുസ്തക മേളയായിരുന്നെന്നും ചെറിയ ടെൻ്റിൽ തുടങ്ങിയ മേള കാലാന്തരത്തിൽ അന്തരാഷ്ട്ര മേളയായി മാറുകയായിരുന്നെന്നും മോഹൻകുമാർ ഓർത്തെടുക്കുന്നു.
“അക്ഷരങ്ങളെ സ്നേഹിക്കുന്ന ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ പിന്തുണയും ദീർഘവീക്ഷണവുമാണ് മേളയുടെ കരുത്ത്, വിവിധ ഗ്രാൻഡുകൾ നൽകുന്നതിലും ദേശ-ഭാഷാ വെത്യാസമില്ലാതെ പുസ്തകങ്ങളേയും എഴുത്തുകാരേയും ആദരിക്കുന്നതിലും ഷാർജ സുൽത്താൻ ചെലുത്തുന്ന ശ്രദ്ധ മറ്റെവിടെയും കാണാൻ കഴിയില്ല” മോഹൻ കുമാർ കൂട്ടിച്ചേർത്തു. ഏത് ഭാഷയിലുളള പുസ്തകമായാലും മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാൽ ഗ്രാൻഡ് ലഭിക്കുന്ന ലോകത്തെ ഒരേ ഒരു പ്രദേശമാണ് ഷാർജയെന്നും മോഹൻ കുമാർ ഏഷ്യാ ലൈവിനോട് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായാണ് മേളയ്ക്ക് ക്യാപ്ഷനുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഒരോ വർഷത്തേയും തീമും ക്യാപ്ഷനും കണ്ടെത്തുന്നതും തീരുമാനിക്കുന്നതും ഷാർജ ഭരണാധികാരിതന്നെയാണ്. ഓരോ വർഷവും ഓരോ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളാക്കുന്നതും മേളയുടെ പ്രത്യേകതയാണെന്ന് മോഹൻകുമാർ വ്യക്തമാക്കി. ഇക്കുറി ദക്ഷിണ കൊറിയയാണ് മേളയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തത്.
വർഷംതോറും നാല് ലക്ഷം കുട്ടികൾ മേളയിലെത്തുന്നതായാണ് കണക്കുകൾ. ഇവരിൽ 20 ശതമാനം കുട്ടികൾ പുതിയതായി പുസ്തകത്തിലേക്കും വായനയിലേക്കും തിരിയുന്നതായാണ് നിഗമനം. പുതിയ പ്രസാധകർക്കും പുതിയ തലമുറയ്കക്കും സംസ്കാരത്തിനും മേള നൽകുന്ന ഏറ്റവും വലിയ സംഭാവനയാണ് ഇതെന്നും മോഹൻ കുമാർ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷമായി കേരളത്തിലെ പ്രസാധകരെ സംബന്ധിച്ചിടത്തോളം ഉത്സവ പ്രതീതിയാണ് മേള സമ്മാനിക്കുന്നതെന്നും മോഹൻകുമാർ വിലയിരുത്തി.
മോഹൻ കുമാറിനെ സംബന്ധിച്ച് വാക്കുകൾക്കതീതമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനേക്കാൾ ആസ്വാദ്യകരമായ മറ്റൊന്നില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ പിന്തുണകളുമായി ഭാര്യ ഗീതാ മോഹനും മകളും മോഹൻ കുമാറിനൊപ്പമുണ്ട്. ഒരോ വർഷവും പുസ്തകോത്സവത്തിലെ വേദികളിലും സ്റ്റാളുകളിലും ചിരിക്കുന്ന മുഖവുമായി സാനിധ്യമറിയിക്കുന്ന ഈ കണ്ണൂരുകാരൻ്റെ പിന്നിൽ അണിനിരക്കുകയാണ് വായനയെ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസലോകത്തെ മലയാളികളും സംഘടനകളും. ഏറെ അഭിമാനത്തോടെ.
തയ്യാറാക്കിയത് : ജോജറ്റ് ജോൺ