ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയായി അവതരിപ്പിക്കുന്നു. ബ്ലാക്ക് സ്വാൻ, ദി റെസർ, ദി വെയ്ൽ, പൈ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോകിയാണ് ചിത്രം ഒരുക്കുന്നത്. എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്.
വാൾട്ടർ ഐസക്സണിന്റെ രചനയിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രമായ ‘ഇലോൺ മസ്ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എക്സ് (ട്വിറ്റർ) സ്വന്തമാക്കിയതിന് ശേഷം മസ്കിന്റെ ജീവിതത്തിൽ നടന്ന പല സംഭവവികാസങ്ങളും പരസ്യമായിരുന്നു. മസ്കുമായി ബന്ധപ്പെട്ട വാർത്തകളറിയാൻ ജനങ്ങൾ എപ്പോഴും തത്പരരുമായിരുന്നു. അതിനാൽ ചിത്രം വിജയിക്കുമെന്നാണ് വിലയിരുത്തൽ.
മസ്കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളും സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തിവിട്ടിട്ടില്ല.