2030-ലെ വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാൻ സൗദി ശ്രമിക്കുന്നതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടക്കുന്ന സൗദി ആഫ്രിക്കൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030ലെ വേൾഡ് എക്സ്പോയ്ക്ക് റിയാദ് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിലാണ് ഔദ്യോഗികമായി സമർപ്പിച്ചത്. കൂടാതെ 7.8 ബില്യണ്‍ ഡോളർ ഇതിനായി അനുവദിക്കുകയും പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഈ മാസം അവസാനം നടക്കുന്ന 173-ാമത് ജനറൽ അസംബ്ലിയിൽ അംഗ രാജ്യങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് വേൾഡ് എക്സ്പോ ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. തുടർന്ന് 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയായിരിക്കും എക്സ്പോ നടത്തപ്പെടുക. സൗദിക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.