ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യക്ക് ലഭിച്ചിരുന്നു. വധശിക്ഷ സംബന്ധിച്ച് ഖത്തറിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചയുടൻ നയതന്ത്ര തലത്തിൽ ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, രഹസ്യ സ്വഭാവമുള്ള കോടതിവിധിയാണിതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് കേസിൽ അപ്പീൽ നൽകിയെന്നും, ഖത്തർ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്. ഇവർ നൽകിയ ജാമ്യാപേക്ഷയും ഖത്തർ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഒക്ടോബറിലാണ് കോടതി ഇവർക്ക് വധശിക്ഷ വിധിക്കുന്നത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം. അതേസമയം ഖത്തര്‍ കോടതിയുടെ വിധിപ്പകര്‍പ്പ് കുടുംബാംഗങ്ങള്‍ക്ക് നല്‍കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രൂക്ഷമായി വിമര്‍ശിച്ചു. ഖത്തര്‍ പോലെ ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്തില്‍ നടത്തിയ വിധി എന്തുകൊണ്ടാണ് രഹസ്യമാക്കി വയ്ക്കുന്നതെന്നായിരുന്നു തീവാരി ചോദിച്ചത്. എട്ടുപേരും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടിയും ഇസ്രയേലിനുവേണ്ടിയും ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.