ദുബായിൽ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ അറസ്റ്റിലായി. മോണോപൊളി എന്ന് പേരിട്ട ഒപ്പറേഷനിലൂടെയാണ് 43 പേരെ ദുബായ് പൊലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളിൽ സംഘത്തെ സഹായിച്ച 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫ്രാൻസ്, ഹോങ്കോങ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ അന്വേഷണ ഏജൻസികളുമായി സഹരിച്ചായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ.
കമ്പനി സിഇഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്.
സിഇഒയുടെ ഇമെയിൽ ഹാക്ക് ചെയ്ത് തങ്ങളുടെ കമ്പനികളുടെ ബ്രാഞ്ചുകളിൽ നിന്ന് ഒരു അക്കൗണ്ടിലേയ്ക്ക് 19 ദശലക്ഷം ഡോളർ ആരോ ട്രാൻസ്ഫർ ചെയ്യിച്ചു എന്ന് ഒരു ഏഷ്യൻ കമ്പനിയിൽ നിന്ന് ലഭിച്ച പരാതിയിലാണ് സംഘത്തെ കുറിച്ച് ദുബായ് പൊലീസ് അന്വേഷണമാരംഭിച്ചത്. സംഘത്തിന്റെ കൈയിൽ നിന്ന് ആഡംബര കാറുകളും വൻതുക വിലയുള്ള കരകൗശല വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.