മോഷണം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി ദുബായ് പൊലീസ്. താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതിനായി നിർമ്മിതബുദ്ധിയടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മോഷണം തടയാനും അതിവേഗത്തിൽ മോഷ്ടാക്കളെ പിടികൂടുന്നതിനുമാണ് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക. കൂടാതെ പൊട്ടിക്കാൻ കഴിയാത്ത ഗ്ലാസ് പാനലുകൾ, തകർക്കാനാവാത്ത ലോക്കുകൾ, ഇരുമ്പ് വാതിലുകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. താമസസ്ഥലങ്ങൾ, നിർമ്മാണ കേന്ദ്രങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ദുബായ് ഗോൾഡ് സൂഖ് എന്നിവിടങ്ങളിലാണ് പ്രധാനമായും നീരിക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത്. നിരീക്ഷണ ക്യാമറകൾ പൊലീസ് കൺട്രോൾ റൂമുമായും സുരക്ഷാ പട്രോളിങ് സർവീസുമായും ബന്ധിപ്പിക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച സ്മാർട്ട്ഹോം പ്രോജക്റ്റ് വഴി വീടുകളിൽ സെൻസറുകളും ക്യാമറകളും സ്ഥാപിക്കുന്നതിനും വിദൂര നിരീക്ഷണത്തിനും നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം 330 വീടുകളിലും ഈ വർഷം 450 വീടുകളിലും ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഷണസാധ്യത കൂടുതലുള്ള വെയർഹൗസുകളിൽ ചിലതിൽ നിലവിൽ പുതിയ സംവിധാനങ്ങളുള്ള ലോക്കുകൾ ഉപയോഗിച്ചുവരുന്നുമുണ്ട്. ഇവയിൽ ഒരിടത്തുപോലും മോഷണം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.