ബഹ്റൈൻ ക്യാപ്പിറ്റൽ ഗവർണറേറ്റ് സംഘടിപ്പിക്കുന്ന പ്രഥമ നിക്ഷേപ എക്സ്പോയ്ക്ക് തുടക്കമായി. ബദൽ ശിക്ഷയുടെ ഭാഗമായി തുറന്ന ജയിലിലുള്ളവരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമാണ് ‘ജേർണി ഓഫ് റിഹാബിലിറ്റേഷൻ’ എന്ന പേരിൽ പ്രത്യേക എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ എക്സ്പോ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഹാളിലാണ് സാമൂഹിക പങ്കാളിത്തത്തോടെ ആരംഭിച്ച എക്സ്പോ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള പദ്ധതികൾക്ക് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നൽകുന്ന പിന്തുണയ്ക്ക് ഗവർണർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സമീർ അബ്ദുല്ല നാസ്, ആഭ്യന്തര മന്ത്രാലയത്തിലെ ബദൽ ശിക്ഷ കാര്യ വിഭാഗം ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ റാഷിദ് ആൽ ഖലീഫ എന്നിവരും ഗവർണറോടൊപ്പം സന്നിഹിതരായിരുന്നു.