റമാദാന്‍ അവസാന പത്തിനോട് അനുബന്ധിച്ച് ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ രംഗത്ത്. രാത്രി വൈകുന്നേരത്തെ പ്രാര്‍ത്ഥനകൾ നടത്തുമ്പോൾ പളളികൾക്ക് ചുറ്റുമുളള റോഡുകളില്‍ തിരക്ക് ഉണ്ടാകാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഇടങ്ങളില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗതാഗത തടസ്സം പരമാവധി ഒഴിവാക്കണമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അറിയിച്ചു.
പളളികൾക്ക് സമീപം വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണം. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് പിന്നില്‍ വഴി തടസ്സപ്പെടും വിധം പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് ഏരിയകളിലെ എക്സിറ്റ്, എന്‍ട്രി പ്രദേശങ്ങളും തടസ്സപ്പെടാന്‍ പാടില്ല. ചിലര്‍ നടപ്പാതകൾപോലും കയ്യേറി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിലര്‍ പളളികൾക്ക് സമീപമുളള തെരുവുകളില്‍ പ്രാര്‍ത്ഥന നടത്തുന്നതും അപകടമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പളളികൾക്ക് സമീപം ഗതാഗതം നിരീക്ഷിക്കാന്‍ പെട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആര്‍ടിഎ വ്യക്തമാക്കി.