സംവിധായകൻ ഷാജി കൈലാസ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞുവെന്ന തരത്തിൽ ഒരു പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ‘കമ്മിഷണർ എന്ന സിനിമയോടുകൂടി അവൻ പൂർണ്ണമായും കൈയിൽ നിന്ന് പോയിരുന്നു. ശാരീരികഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തിൽ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോൾ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രൻ സ്റ്റൈലിൽ തട്ടിക്കയറി’ എന്നായിരുന്നു ഷാജി കൈലാസിന്റേതായി പുറത്തു വന്ന പ്രസ്താവന. ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ-
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ.
ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്”,