ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ’ എന്നറിയപ്പെടുന്ന പാകിസ്താൻ പൗരൻ ഗുലാം ഷബീർ (42) ജിദ്ദയിൽ വച്ച് നിര്യാതനായി. ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനില ഞായറാഴ്ച കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 255 സെൻറിമീറ്റർ ഉയരമുള്ള അദ്ദേഹം 2000 മുതൽ 2006 വരെ തുടർച്ചയായി ആറ് വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോർഡ് നേടിയ വ്യക്തിയാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
അതേസമയം സൗദി അറേബ്യയെ കൂടുതൽ ഇഷ്ടപ്പെട്ട ആളായിരുന്നു ഗുലാം. താൻ സന്ദർശിച്ച 42 അറബ്, അറബേതര രാജ്യങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സൗദി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇരുഹറമുകൾ കാരണം വലിയ സന്തോഷമാണ് തനിക്ക് സൗദിയിൽ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നല്ലൊരു ഫുട്ബാൾ ആരാധകൻ കൂടിയായിരുന്നു ഗുലാം. സൗദി ലീഗിനെ ആവേശത്തോടെ പിന്തുണച്ചിരുന്നു. നിരവധി നേതാക്കളെയും ഭരണാധികാരികളെയും അദ്ദേഹം കണ്ടിട്ടുണ്ട്. 1980ൽ പാകിസ്താനിലാണ് ഗുലാം ശബീർ ജനിച്ചത്. നിരവധി പ്രശസ്ത പരിപാടികളിൽ പങ്കെടുത്ത ഗുലാം സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റിയായിരുന്നു. നിരവധിയാളുകൾ ഗുലാം ഷബീറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.