ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട് കായിക മന്ത്രാലയം. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ ഇടക്കാല കമ്മിറ്റിക്കാണ് ചുമതല നൽകിയത്. ഇടക്കാല ഭരണസമിതി ചെയർമാനായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ നിയമിച്ചു. ഏഴ് പേരുൾപ്പെട്ട ഇടക്കാല സമിതിയിൽ സുപ്രീം കോടതി മുൻ ജഡ്ജിയും ബോർഡിന്റെ മുൻ പ്രസിഡന്റും ഉൾപ്പെട്ടിട്ടുണ്ട്.
ലോകകപ്പിൽ ഇന്ത്യയോട് 302 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ഇതിനേത്തുടർന്ന് ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ രാജിവച്ചിരുന്നു. ലോകകപ്പിൽ പൊതുവെ മോശം പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചതെങ്കിലും ഇന്ത്യക്കെതിരായ ദയനീയ പരാജയമാണ് പുതിയ തീരുമാനമെടുക്കാൻ ശ്രീലങ്കൻ കായിക മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് പരാജയപ്പെട്ട ശ്രീലങ്ക ഏഴ് മത്സരങ്ങളിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.
ലോകകപ്പിലെ തുടർച്ചയായ തോൽവിയെത്തുടർന്ന് ബോർഡിന് മുന്നിൽ ആരാധകരുടെ പ്രതിഷേധവും ഉയർന്നിരുന്നു. ലോകകപ്പിൽ നിന്ന് ഏറെക്കുറെ പുറത്തായ നിലയിലുള്ള ശ്രീലങ്കൻ ടീം ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്.