ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദുബായിലെ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം അധികൃതർ പരിശോധന കാമ്പയിൻ നടത്തി. എമിറേറ്റിലെ 47 ഏരിയകളിലായുള്ള 566 സലൂണുകളിലാണ് പരിശോധന നടത്തിയത്. സലൂണുകൾ ആരോഗ്യസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പരിശോധനയിൽ ദുബായിലെ 90 ശതമാനം സലൂണുകളും മുനിസിപ്പാലിറ്റിയുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കാമ്പയിൻ അവസാനിപ്പിക്കുന്നില്ലെന്നും വരുംദിവസങ്ങളിൽ ദുബായിലെ 2,965 സലൂണുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ അനാവശ്യ പ്രവണതകളോ കണ്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 800900-ൽ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.