കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖല കൺവെൻഷൻ നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ മാസം 29-നായിരുന്നു സ്ഫോടനം നടന്നത്. മൂന്ന് പേർ നേരത്തെ മരിച്ച സ്ഫോടനത്തിൽ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 11 പേരിൽ മോളിയടക്കം രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒൻപതുപേർ വാർഡുകളിലും ചികിത്സയിലുണ്ട്. സ്ഫോടനത്തിൽ മരിച്ച നാലു പേരും സ്ത്രീകളാണ്.
സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. സംഭവത്തിൽ താൻ മാത്രമാണ് ഉത്തരവാദിയെന്നാണ് മാർട്ടിൻ പറയുന്നത്. ഇത് പൂർണമായി വിശ്വസിച്ചിട്ടില്ലാത്ത പൊലീസ് മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.