വിജയത്തിലേയ്ക്ക് കുറുക്കുവഴികളില്ലെന്നും കഠിനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നതാണ് വിജയിക്കാനുള്ള മാർഗമെന്നും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഹാരിക എന്‍.എം. 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിൽ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. മനുഷ്യ ജീവിതം നിരീക്ഷിക്കുന്നതിനാലാണ് കോമഡി കണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്നും നിഹാരിക കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമാണ് ഇന്നത്തെ ലോകത്തിൽ പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ മാത്രമേ അവര്‍ക്ക് ജീവിതത്തേക്കുറിച്ച് നല്ല ബോധ്യമുണ്ടാകുകയുള്ളു. പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്റെ പിന്നാലെ പോയി പഠനം ഉപേക്ഷിക്കരുതെന്നാണ് ന്യൂജെന്‍ കുട്ടികളോട് തനിക്ക് പറയാനുള്ളതെന്നും എഞ്ചിനീയറിംങ് ബിരുദധാരിയായ നിഹാരിക വ്യക്തമാക്കി.
കണ്ടന്റ് ക്രിയേറ്റർ എന്ന നിലയൽ പറയാനുള്ള കാര്യങ്ങള്‍ താൻ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കണ്ടന്റ് ക്രിയേറ്റേഴ്സ് ആകാൻ താത്പര്യമുള്ളവർ ഒരിക്കലും ലൈക്ക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം ജീവിതത്തിൽ നല്‍കുകയും അരുത്. കൂടാതെ ഓരോ സെക്കന്റിലും ചുറ്റും നടക്കുന്ന കാര്യങ്ങളേക്കുറിച്ച് അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയും വേണം. നിലവാരം കുറഞ്ഞുപോകാതെ കഠിനാധ്വാനം ചെയ്താൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്നും നിഹാരിക കൂട്ടിച്ചേർത്തു.