സർട്ടിഫിക്കറ്റുകളിൽ രക്ഷകർത്താവിന്റെ സ്ഥാനത്ത് അച്ഛന്റെ പേര് തന്നെ നൽകണമെന്ന് നിർബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരാണെന്ന് അറിയാത്ത യുവാവിന്റെ ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളിൽ നിലവിൽ നൽകിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രമാക്കി പുതിയ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് നിർണ്ണായക വിധി പ്രസ്താവിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതനിൽ നിന്ന് ഗർഭിണിയായ അമ്മയും മകനും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. നിലവിൽ
രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കിക്കൊണ്ട് പുതിയ സർട്ടിഫിക്കറ്റ് രണ്ടാഴ്ചക്കുള്ളിൽ നൽകാനാണ് കോടതി നിർദേശം. കൂടാതെ അപേക്ഷ നൽകിയാൽ എസ്എസ്എൽസി മുതൽ പാസ്പോർട്ട് വരെയുള്ള രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി നൽകാനും കോടതി പറഞ്ഞു. അവിവാഹിതയായ അമ്മ പ്രസവിച്ച മകൻ രാജ്യത്തിന്റെ പൗരനല്ലാതെ ആകുന്നില്ലെന്നും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
ഹർജിക്കാരന്റെ ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയെങ്കിലും അധികൃതർ നിരസിച്ചതോടെയാണ് അമ്മയും മകനും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്. മഹാഭാരത കഥയിലെ കർണ്ണന്റെ അവസ്ഥ വിവരിക്കുന്ന കഥകളി പദവും വിധി ന്യായത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.