കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് രൂപകല്പന ചെയ്ത കൂട്ട് എന്ന പദ്ധതി ജൂലൈ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഉദ്ഘാടന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൊബൈൽ ഫോൺ അടിമത്തത്തിൽനിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് രൂപം നൽകിയ പദ്ധതിയാണിത്.
മുൻപ് നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്’. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൂട്ട് പദ്ധതി അവബോധം നൽകും. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ്, ‘ബച്പൻ ബച്ചാവോ ആന്തോളൻ’ എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ / നിയമസഹായ പദ്ധതിയാണ് കൂട്ട് 2022. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് നിർവഹിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസിക-നിയമസഹായം ഉറപ്പാക്കാൻ കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വ്യക്തമാക്കി.