ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ശബരിമലയ്ക്ക് അനുകൂലമായി എത്തിയ സാഹചര്യത്തിൽ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കേസുകൾ സൗഹാർദപരമായി തീർക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, സമാധാനപരമായി നടന്നതാണ് ശബരിമല സമരമെന്നും പൊതു മുതൽ ഒന്നും നശിപ്പിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ വിശദീകരിച്ചു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.