ബീച്ചുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ. ഡ്രോണുകൾ ഉപയോഗിച്ച് പെട്രോളിംഗ് ശക്തമാക്കും. കുടുതല്‍ നിരീക്ഷണ ടവറുകളും ക്യാമറകളും കടലിലെ ചലനങ്ങൾ അറിയാന്‍ തെര്‍മല്‍ സെന്‍സറുകളും ഉപയോഗിക്കും. യുഎഇയില്‍ വേനല്‍ കടുത്തതോടെ കൂടുതല്‍ ആളുകൾ ബീച്ചുകളിലെത്തുന്നത് കണക്കിലെടുത്താണ് നീക്കം.
അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ റസ്ക്യൂ റാഫ്റ്റുകളും കൂടുതലായി ഏര്‍പ്പെടുത്തും. റബ്ബര്‍ വഞ്ചികൾക്ക് പുറമെ ട്യൂബുകളും ലൈഫ് ജാക്കറ്റുമായി പറന്നെത്തുന്ന ഡ്രോണുകളുടെ സേവനവും ലഭ്യമാക്കും. ടൂറിസം , സിവില്‍ ഡിഫന്‍സ് വിഭാഗം , പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതികൾ, 38 ഇരട്ടി വലുപ്പത്തിവരെ കാണാവുന്ന ക്യാമറകളാണ് സ്മാര്‍ട്ട് പെട്രോളിംഗിന് ഉപയോഗിക്കുകയെന്ന് ഷാര്‍ജ സിവില്‍ ഡിഫെന്‍സ് മറൈന്‍ വിഭാഗം വ്യക്തമാക്കി. ബോട്ടുകളും, ജെറ്റ് സ്കീകളും പെട്രോളിംഗിനായി ഉൾപ്പെടുത്തും.
അതേസമയം ബീച്ചിലെത്തുന്നവര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുട്ടികളും നീന്താനിറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പ്രധാന മുന്നറിയിപ്പ്. മത്സരിച്ചുളള നീന്തലുകൾ ഒഴിവാക്കണമെന്നും സുരക്ഷാ ബാരിക്കേഡുകൾ മറികടക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി. കടലിലിറങ്ങുന്നവര്‍ തിരമാലകളുടെ ശക്തി കുറഞ്ഞ മേഖലകൾ തിരഞ്ഞെടുക്കണമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.