സർക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാൻ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധവളപത്രം ഇറക്കാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മണി ശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം ബിജെപിയെ തൃശൂർ ലോക്സഭാ സീറ്റിൽ വിജയിപ്പിക്കാൻ സിപിഐഎം – ബിജെപി ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻ സംഘപരിവാറിന്റെ ഭീഷണിയിലാണ്, സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ഗവർണർ പോര് ഒത്തുകളിയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ മാത്രം സർക്കാർ ഗവർണർ പോരും രൂക്ഷമാകും. ലാവ്ലിൻ കേസിൽ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശൻ പരിഹസിച്ചു.