യുഎഇയുടെ ബഹീരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന യുഎഇ പതാക ഏറ്റുവാങ്ങി ഷെയ്ഖ് മുഹമ്മദ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറാത്തി ബഹിരാകാശയാത്രികരെയും ‘സായിദ് ആംബിഷൻ 2’ ടീമിലെ മറ്റുള്ളവരെയും കണ്ട് അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയെയും പ്രശംസിച്ചു. ദുബായിലെ സഅബീൽ പാലസിൽ നടന്ന സമ്മേളനത്തിലാണ് ബഹീരാകാശ സഞ്ചാരികളുമായി ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്.
ഹസ്സ അൽ മൻസൂരിയും അൽനേയാദിയും ദുബായ് ഭരണാധികാരിയോട് ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന്റെ ഫലങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അവസരം കണ്ടെത്തി. ഭരണാധികാരിയുടെ അചഞ്ചലമായ പിന്തുണക്കുള്ള അഭിനന്ദന സൂചകമായി, അൽ നെയാദി ഷെയ്ഖ് മുഹമ്മദിന് അദ്ദേഹം ബഹീരാകാശത്തേക്ക് ഒപ്പം കൂട്ടിയ യുഎഇ പതാക സമ്മാനിച്ചു.