കുടുംബങ്ങളിലും സമൂഹത്തിലും കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശിശുസംരക്ഷണ നയത്തിന് അംഗീകാരം നൽകി അബുദാബി. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് അബുദാബി ഏർളി ചൈൽഡ്ഹുഡ് അതോറിറ്റിയാണ് നയം രൂപീകരിച്ചത്. ശിശുസൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുന്ന കേസുകളിൽ അതിവേഗം പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കുട്ടികൾക്ക് നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബങ്ങൾക്കും രക്ഷിതാക്കൾക്കും അവബോധം സൃഷ്ടിക്കാനായുള്ള വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു.