സൗദിയിൽ ഇനിമുതൽ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനമെടുത്തത്. അറബി കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് ഗ്രിഗോറിയൻ കലണ്ടറിലേയ്ക്ക് മാറുന്നത്.
നിലവിൽ ഹിജ്റി കലണ്ടർ അനുസരിച്ചുള്ള ഇഖാമ ഉൾപ്പെടെയുള്ള വിവിധ ഔദ്യോഗിക രേഖകളുടെ കാലാവധി ഗ്രിഗോറിയൻ കലണ്ടറിനെ ആശ്രയിച്ചിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഹിജ്റി തിയതിയെ ആശ്രയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഹിജ്റി തിയതിയെ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
സൗദിയിൽ 2016-ൽ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ശമ്പളവും അലവൻസുകളും മറ്റ് പേയ്മെന്റുകളും രാജ്യത്തിന്റെ സാമ്പത്തിക വർഷവുമായി യോജിപ്പിച്ചിരുന്നു.