കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ 500 കോടി കളക്ഷൻ മറി കടന്നിരിക്കുകയാണ് ലിയോ. ലിയോയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
12 ദിവസങ്ങൾകൊണ്ടാണ് 540 കോടി ആഗോള തലത്തിൽ ലിയോ സ്വന്തമാക്കിയതെന്ന് അവർ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും നിർമാതാക്കൾ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. അതേസമയം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ ലിയോ സ്വന്തമാക്കി എന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുമ്പ് സെവൻ സ്ക്രീൻ സ്റ്റുഡിയോ വെളിപ്പെടുത്തിയിരുന്നു.
വിജയ് യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. മാത്രമല്ല, പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആഗോള തലത്തിൽ അഞ്ചു ദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബ്ബിലും ഇടം നേടി. മാർട്ടിൻ സ്കോർസിയുടെ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്.